ഷൊർണൂർ: ഒരുങ്ങുന്നു, ഭീമൻ ജലസംഭരണി. പട്ടാമ്പി കാർഷികഗവേഷണ കേന്ദ്രത്തിലാണ് കൂറ്റൻ ജലസംഭരണി നിർമിക്കുന്നത്. ഇതിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിലെത്തി.
85 മീറ്റർ വീതിയിലും 140 മീറ്റർ നീളത്തിലും അഞ്ചുമീറ്റർ ആഴത്തിലുമുള്ള ജലസംഭരണിയുടെ 90 ശതമാനം പണിയും പൂർത്തിയായി. 2022- 23 ബജറ്റിൽ നീക്കിവെച്ച നാലുകോടിരൂപ ചെലവിലാണ് ഇതിന്റെ നിർമാണം.
കാർഷിക സർവകലാശാലയുടെ കേന്ദ്രത്തിന് മുഹമ്മദ് മുഹ്സിൻ എംഎൽഎ താത്പര്യമെടുത്തതിനാൽ 2022- 23 ബജറ്റിൽ നാലുകോടിരൂപ അനുവദിക്കുകയായിരുന്നു. ടാങ്ക് നിർമിച്ച് ജലസേചനം ഉറപ്പാക്കാനും സമീപം പൂന്തോട്ടമടക്കമുണ്ടാക്കി സൗന്ദര്യവത്കരണം നടത്താനും പദ്ധതികളുണ്ടെന്നു മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞു. ഇനി പാർശ്വഭിത്തി നിർമാണമാണ് നടക്കാനുള്ളത്. തടാകംപോലുള്ള നിർദിഷ്ട ജലസംഭരണി അടുത്തവർഷം നൂറാംപിറന്നാൾ ആഘോഷിക്കുന്ന കാർഷികകേന്ദ്രത്തിനു വലിയ മുതൽക്കൂട്ടാവും.